Tuesday, November 16, 2010

സുന്ദരമായ നഖങ്ങള്‍ക്ക്...


മടി പിടിച്ചിരിക്കുന്ന ഒരൊഴിവു ദിവസത്തെ നിങ്ങള്‍ക്കുപയോഗപ്പെടുത്താം. എല്ലാവര്‍ക്കും സ്വന്തമായി ചെയ്യാവുന്ന ചെറിയൊരു ശുചിത്വമാണ് നഖസംരക്ഷണം. ശുചിത്വമുള്ള നഖങ്ങള്‍ നല്ല ആരോഗ്യത്തെ പ്രതിനിധാനം ചെയ്യുന്നു. വൃത്തിയുള്ള നഖങ്ങളും കൈകാലുകളും ഒരു വ്യക്തിയുടെ അടിസ്ഥാന സ്വഭാവത്തെ ചൂണ്ടിക്കാട്ടുന്നതാണ്. മുതിര്‍ന്നവര്‍ക്കു മാത്രമല്ല, കുട്ടികളുടെ നഖസംരക്ഷണവും ശ്രദ്ധിക്കേണ്ടതാണ്. ദിവസവും പലതരം കളികളിലേര്‍പ്പെടുന്നവരാണ് കുട്ടികള്‍. നാലു വയസ്സുള്ള മകനെ ദിവസവും കുളിപ്പിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നതോടൊപ്പം അവന്റെ കൈകാലുകളുടെ ശുചിത്വവും നഖങ്ങളും വൃത്തിയാക്കി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.

നഖസംരക്ഷണത്തിന് പ്രകൃതിവഴികള്‍
ധാരാളം വെള്ളം കുടിക്കുക എന്നതാണ് നഖസംരക്ഷണത്തിന്റെ ആദ്യപടി. വിറ്റാമിന്‍, പ്രോട്ടീന്‍ തുടങ്ങിയ ധാതുക്കളുടെ അഭാവം മൂലം നഖങ്ങള്‍ കറുപ്പു നിറമാകുന്നതിനും, വളഞ്ഞു പോകുന്നതിനും സാധ്യതയുണ്ട്. അതിനാല്‍ ഭക്ഷണത്തില്‍ അത്തരം പോഷകങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഹൈഡ്രോക്ളോറിക് ആസിഡിന്റെ കുറവുമൂലവും നഖങ്ങള്‍ പൊട്ടിപ്പോയെന്ന് വരാം. നഖത്തിനു ചുറ്റും ചുവപ്പു നിറം കാണുന്നത് കൊഴുപ്പിന്റെ അമിത ഉപയോഗം കൊണ്ടാണ്. എണ്ണയുള്ള ആഹാരവസ്തുക്കള്‍ കഴിവതും ഒഴിവാക്കുന്നതാണ് ഉത്തമം. ആരോഗ്യമുള്ള ഡയറ്റിനെ ആശ്രയിച്ചാണ് നഖത്തിന്റെ സൌന്ദര്യവും നിലനില്‍ക്കുന്നത്.
പോളിഷുകള്‍ ഉപയോഗിക്കുമ്പോള്‍
നഖത്തില്‍ പോളിഷ് ഇടുന്നതിനു മുമ്പ് തന്നെ ഒരു ടോപ്കോട്ട് ഇടുന്നത് നഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കും. ഉപയോഗം കഴിഞ്ഞാല്‍ പോളിഷ് ഫ്രിഡ്ജില്‍ വെക്കുന്നത് അതിന്റെ സ്മൂത്തനിംഗ് നിലനിര്‍ത്താന്‍ സഹായിക്കും. പെട്ടെന്ന് ഉണങ്ങുന്നതരം നെയില്‍ പോളിഷുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പോളിഷ് ഇട്ടതിനുശേഷം അതുണങ്ങുന്നതുവരെ ഒന്നും ചെയ്യാതിരിക്കാന്‍ നോക്കണം.
നഖം പൊട്ടിപ്പോകുന്നത് തടയാന്‍
നഖം വൃത്തിയായും ഉണക്കിയും വേണം സൂക്ഷിക്കാന്‍. എന്തെങ്കിലും വസ്തുക്കള്‍ കുത്തിത്തുറക്കാനോ, ചുരണ്ടാനോ നഖമുപയോഗിക്കുന്നത് നിര്‍ത്തണം. ഭക്ഷണത്തില്‍ കാല്‍സ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുക. വസ്ത്രങ്ങള്‍ കഴുകുമ്പോഴും ചെടി വെക്കുമ്പോഴും മറ്റെന്തെങ്കിലും കെമിക്കലുമായി ഇടപെടേണ്ടി വരുമ്പോഴും കൈയ്യുറ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നഖങ്ങള്‍ അധിക കാലം നീണ്ടു നില്‍ക്കുന്നതിന് ഫ്രഞ്ച് മാനിക്യൂര്‍ ചെയ്യുന്നത് ഗുണം ചെയ്യും. മാസത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും മാനിക്യൂര്‍ ചെയ്യുന്നത് വഴി വര്‍ഷം മുഴുവനും സുന്ദരമായ നഖം നിലനിര്‍ത്താന്‍ സാധിക്കും.

നെയില്‍ ഡിസൈന്‍സ്
വസ്ത്രങ്ങളിലും മറ്റു ഫാഷന്‍ രംഗത്തും ട്രെന്റുകള്‍ മാറി വരുന്നതു പോലെതന്നെ നഖങ്ങളിലും വ്യത്യസ്ത ഡിസൈനുകള്‍ ഇന്ന് നിലവിലുണ്ട്. അത്തരത്തിലുള്ള പുതിയ ട്രെന്റി നെയില്‍ ഡിസൈനുകളാണ് താഴെ കൊടുത്തിരിക്കുന്നത്.
1. ഷോര്‍ട്ട് ആന്റ് മെറ്റാലിക്
മെറ്റാലിക് നഖങ്ങള്‍ക്കാണ് ഇപ്പോള്‍ ആകര്‍ഷകത്വം കൂടുതല്‍. ട്രെന്റി ലുക്ക് നല്‍കുന്ന അത്തരം നഖങ്ങള്‍ പാര്‍ട്ടികളില്‍ ശ്രദ്ധ നേടുന്നു. നഖങ്ങള്‍ ട്രിം ചെയ്ത് ചെറുതാക്കി മെറ്റാലിക് ലുക്ക് കിട്ടുന്നതരം പോളിഷുകള്‍ ഇടുന്നതാണ് ഇത്. സില്‍വര്‍, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളെല്ലാം മെറ്റാലിക്കില്‍ പെടുന്നവയാണ്.
2. ഫ്രഞ്ച് മാനിക്യൂര്‍
ഫെമിനിന്‍ ലുക്കിനു വേണ്ടിയുള്ളതാണ് ഈ സ്റൈല്‍. ഇളം നിറത്തില്‍ കാണുന്ന വിരല്‍ത്തുമ്പ് സ്വിംസ്യൂട്ടിനും മറ്റു ചില പാര്‍ട്ടികളിലും ശോഭിക്കും. ഫ്രഞ്ച് മാനിക്യൂര്‍ കിറ്റുകള്‍ കടകളില്‍ ലഭ്യമാണ്. അതില്‍ വെള്ളയും, ഏതെങ്കിലും ഇളം നിറത്തിലുള്ള പോളിഷും, ടോപ്പ്കോട്ടും, കത്രികയും, മാനിക്യൂര്‍ സ്റിക്കും ഉണ്ടാകും.
3. പാസ്റല്‍ നെയില്‍ ആര്‍ട്ട്
സ്റൈലില്‍ നിന്ന് ഒരിക്കലും വിട്ടു പോകാത്തതാണ് പാസ്റല്‍ നിറങ്ങള്‍. ലാവന്റര്‍, ഇളം പിങ്ക്, പീച്ച്, റോസ് എന്നിവയാണ് പാസ്റല്‍ നിറങ്ങള്‍. ആകര്‍ഷണത്തിനു വേണ്ടി തിളക്കമുള്ളതോ ഗ്ളോസിയോ ടോപ്പ്കോട്ടും പോളിഷിനു മുകളില്‍ പുരട്ടാം.
4. ട്രെഡീഷണല്‍ നെയില്‍ ഡിസയിന്‍
സ്കിന്‍ ടോണും, നഖത്തിന്റെ ഷെയ്പ്പും, ഡ്രസ്സിന്റെ നിറവും അനുസരിച്ച് മാറാവുന്നതാണ് ഇത്തരം പോളിഷുകള്‍. പിങ്കും, ചുവപ്പുമാണ് ആളുകള്‍ സാധാരണയായി ഉപയോഗിക്കുന്ന നിറങ്ങള്‍. ഏതു തരം ഡിസൈന്‍ ആയാലും ആരോഗ്യമുള്ള നഖത്തിനാണ് പ്രാധാന്യം.

ഫ്രഞ്ച് മാനിക്യൂര്‍ ചെയ്യുന്നതെങ്ങിനെ?
ചെറിയ കഷ്ണം പഞ്ഞിയില്‍ നെയില്‍ പോളിഷ് റിമൂവര്‍ എടുത്ത് നഖം വൃത്തിയാക്കുക. ചൂടുവെള്ളത്തില്‍ അല്‍പനേരം കൈ മുക്കി വെക്കുക. ചെറിയ സ്റിക് കൊണ്ട് നഖത്തിന്റെ അടി ഭാഗം ചുരണ്ടി വൃത്തിയാക്കണം. നെയില്‍ ക്ളിപ്പറോ കത്രികയോ ഉപയോഗിച്ച് നഖം ഒരുപോലെ ഷെയ്പ്പാക്കുക. നഖത്തിന്റെ തുമ്പിന് ബലം കിട്ടാനായി വെള്ള പോളിഷ് നഖത്തിന്റെ അറ്റത്ത് സൂക്ഷിച്ചു പുരട്ടുക. പോളിഷ്ന്റെ മൃദുത്വമനുസരിച്ച് ഒന്നോ രണ്ടോ കോട്ട് ഇട്ട് ഉണങ്ങാനനുവദിക്കാം.

ഏതെങ്കിലും ഇളം നിറത്തിലുള്ള പോളിഷ് മുഴുവന്‍ നഖവും മൂടുന്നതരത്തില്‍ ഇടണം. രണ്ട് കോട്ട് ഇട്ട് നന്നായി ഉണങ്ങാന്‍ വയ്ക്കുക. എല്ലാ കോട്ടും ഉണങ്ങിയതിനു ശേഷം മാനിക്യൂറിന്റെ സുരക്ഷക്കായി ഒരു ടോപ്പ് കോട്ടും കൂടി പുരട്ടിയാല്‍ മതി. ഫ്രഞ്ച് മാനിക്യൂര്‍ അധികം നീണ്ടു നില്‍ക്കാനായി ഒന്നിടവിട്ട് ഒരു ടോപ്പ്കോട്ട് അടിക്കുന്നതും നല്ലതാണ്.

ഹാന്റ് സ്പാ
ജോലി ചെയ്ത് ക്ഷീണിച്ച കൈകള്‍ക്ക് ഹാന്റ് സ്പാ ഒരു ആശ്വാസമാണ്. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിയുന്ന സ്പാ കൊണ്ട് കൈകള്‍ മസാജ് ചെയ്യുന്ന രീതിയാണിത്. ഹാന്റ് സ്പാ ചെയ്യുന്നതു വഴി നിങ്ങളുടെ കൈകള്‍ക്ക് കൂടുതല്‍ മൃദുത്വവും തിളക്കവും ലഭിക്കും.
ഹാന്റ് സ്പാ ട്രീറ്റ്മെന്റ്
രണ്ട് കപ്പ് വെള്ളവും ഒരു കപ്പ് പാലും ഒന്നിച്ച് ചൂടാക്കുക. ചെറുതീയ്യില്‍ പത്തു മിനിറ്റ് നേരം വെക്കണം. പാല്‍ പിരിയാതിരിക്കാന്‍ ഇടയ്ക്ക് ഇളക്കി കൊടുക്കണം.
അടുപ്പില്‍ നിന്ന് ഇറക്കിയ ശേഷം ഒരു സ്പൂണ്‍ ഒലിവ് ഓയിലും ഒരു നുള്ള് കറുവപ്പട്ടയും ചേര്‍ത്തിളക്കുക. മിശ്രിതം തണുക്കാനായി മാറ്റി വെക്കണം. ഒരു പാത്രത്തില്‍ നാല് സ്പൂണ്‍ ഉപ്പും പാകത്തിന് ഒലിവ് ഓയിലും ചേര്‍ത്ത് പേസ്റ് രൂപത്തിലാക്കി വെക്കുക.
പാല്‍ മിശ്രിതം കൊണ്ട് കൈകള്‍ കഴുകുക. ഇത് പതിനഞ്ച് മിനിറ്റ് ആവര്‍ത്തിക്കണം. കുറച്ചു കഴിഞ്ഞാല്‍ കൈകള്‍ മിനുസമുള്ളതായി കാണപ്പെടും. അതിനുശേഷം തയ്യാറാക്കി വെച്ച പേസ്റ് ഉപയോഗിച്ച് കൈകള്‍ മസാജ് ചെയ്യണം. വിരലുകള്‍ക്കിടയിലും ആകത്തക്ക വിധം ശ്രദ്ധിച്ച് വേണം ചെയ്യാന്‍. വീണ്ടും പാലില്‍ കൈ കഴുകി ഉണക്കുക.
ഇതിനുശേഷം നെയില്‍ കട്ടര്‍ ഉപയോഗിച്ച് നഖം വെട്ടുകയോ ഷെയ്പ്പാക്കുകയോ ചെയ്യാം. നഖങ്ങള്‍ക്കിരുവശവുമുള്ള കട്ടിയുള്ള പ്രതലവും ഉരച്ച് മൃദുവാക്കണം. കൈ ഉണങ്ങിക്കഴിഞ്ഞാല്‍ മോയിസ്ചറൈസറോ ക്രീമോ പുരട്ടാം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഹാന്റ് സ്പാ ചെയ്യുന്നത് കൈകള്‍ക്കും, ചര്‍മ്മത്തിനും, നഖങ്ങള്‍ക്കും നല്ലതാണ്.

No comments:

Post a Comment